Sports
ലക്നോ: രഞ്ജി ട്രോഫി സെമിഫൈനലുകളിൽ കർണാടകയും ബംഗാളും മികച്ച നിലയിൽ. ഉത്തരാഖണ്ഡിനെതിരെ നടക്കുന്ന സെമിയിൽ ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിലാണ് കർണാടക. ദേവ്ദത്ത് പടിക്കലും കരുൺ നായരുമാണ് ക്രീസിൽ.
തകർപ്പൻ സെഞ്ചുറി നേടിയ ദേവ്ദത്ത് 148 റൺസെടുത്തിട്ടുണ്ട്. കരുൺ 37 റൺസാണെടുത്തിട്ടുള്ളത്. കെ.എൽ. രാഹുലിന്റെയും മായങ്ക് അഗർവാളിന്റെയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 141 റൺസെടുത്താണ് രാഹുൽ പുറത്തായത്. നിരാശപ്പെടുത്തിയ മായങ്ക് അഞ്ച് റൺസാണെടുത്തത്. ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്താണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
ജമ്മു കാഷ്മീരിനെതിരായ സെമിയിൽ ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 എന്ന നിലയിലാണ് ബംഗാൾ. 136 റൺസെടുത്ത സുദീപ് കുമാർ ഖരാമിയാണ് ക്രീസിലുള്ളത്. ബംഗാളിന് അഞ്ചാം വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിച്ചതോടെയാണ് ഇത്.
ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ 49 റൺസും ഷാഹ്ബാസ് അഹ്മദ് 42 റൺസും എടുത്തു. ജമ്മു കാഷ്മീരിന് വേണ്ടി ഓഖിബ് നബി ദാറും സുനിൽ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആബിദ് മുഷ്താഖ് ഒരു വിക്കറ്റ് എടുത്തു.
National
ജമ്മു: ജമ്മു കാഷ്മീരിൽ മൂന്ന് പാക് ഭീകരരെ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ സുരക്ഷാസേന വധിച്ചു.
ഉധംപുരിലും കിഷ്ത്വാറിലുമായിരുന്നു ഏറ്റുമുട്ടൽ. ഉധംപുരിൽ ജയ്ഷ്-ഇ-മുഹമ്മദ് കമാൻഡർ റൂബാനി എന്നറിയപ്പെടുന്ന അബു മാവിയ, കൂട്ടാളി സുബൈർ എന്നിവരാണു കൊല്ലപ്പെട്ടത്."ഓപ്പറേഷൻ കിയ’ എന്ന പേരിട്ട 20 മണിക്കൂർ നീണ്ട സൈനികനടപടിക്കിടെയാണ് ഭീകരരെ വധിച്ചത്.
ഉധംപുരിലെ രാംനഗർ-ബസന്ത്ഗഡ് മേഖലയിലെ വനപ്രദേശത്തെ ഗുഹയിലാണു ഭീകരർ അകപ്പെട്ടത്. ഒരു ഭീകരന്റെ മൃതദേഹം ഗുഹാമുഖത്തും രണ്ടാമന്റേത് ഗുഹയ്ക്കുള്ളിലുമാണു കണ്ടെത്തിയത്. പ്രദേശത്ത് ഇപ്പോഴും നിരീക്ഷണം തുടരുകയാണ്.
National
ശ്രീനഗർ: അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാക് ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ തുടങ്ങി. സാംബ ജില്ലയിലെ ചില്ല്യാരി ഗ്രാമത്തിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയിലെ ഇന്ത്യയുടെ പ്രദേശത്തിന് മുകളിലായാണ് ഡ്രോൺ കണ്ടത്.
അതിർത്തിക്കു മുകളിലൂടെ കുറച്ചുസമയം പറന്ന ഡ്രോൺ പാക്കിസ്ഥാനിലേക്ക് മടങ്ങിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രോൺ വഴി ആയുധങ്ങളോ മയക്കുമരുന്നോ കടത്തിയെന്ന സംശയത്തെ തുടർന്ന് അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക പരിശോധന തുടരുകയാണ്.
സാംബയിലെ രാംഗഡ് സെക്ടറിലെ രത്തൻപുർ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച ഡ്രോണെത്തിയിരുന്നു. ഇവിടെ കുറച്ചുനേരം പറന്നശേഷം ഡ്രോൺ പാക്കിസ്ഥാനിലേക്ക് മടങ്ങുകയായിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉദ്ദംപുരിൽ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
അപകടത്തിൽ സൈനികൻ ഉൾപ്പെടെ നാല് പേർ മരിച്ചു. 52 ബറ്റാലിയനിലെ സിആർപിഎഫ് ജവാനാണ് മരിച്ചത്. മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Sports
തിരുവനന്തപുരം: 23 വയസിൽ താഴെയുള്ളവരുടെ സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്മീരിനെതിരെ കേരളത്തിന് ജയം. 88 റൺസിനാണ് കേരളം ജയിച്ചത്. വിജയലക്ഷ്യമായ 260 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ജമ്മു കാഷ്മീർ 171 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. സ്കോര്‍: കേരളം: ഒന്നാം ഇന്നിംഗ്സ് - 165, രണ്ടാം ഇന്നിംഗ്സ് - 268. ജമ്മു കാഷ്മീർ: ഒന്നാം ഇന്നിംഗ്സ് - 174, രണ്ടാം ഇന്നിംഗ്സ് - 171.
ഒന്‍പത് വിക്കറ്റിന് 142 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ജമ്മു കാഷ്മീരിന് 29 റൺസ് മാത്രമെ കൂട്ടിച്ചേർക്കാനായുള്ളു. ജമ്മു കാഷ്മീരിന്റെ മധ്യനിര ബാറ്റര്‍ റൈദ്ദാമിന്റെ പ്രകടനമാണ് കേരളത്തിന്റെ വിജയം വൈകിപ്പിച്ചത്.
63 റണ്‍സെടുത്ത റൈദ്ദാമിനെ പവന് രാജ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ജമ്മു കാഷ്മീരിന്റെ ഇന്നിംഗ്സ് 171 റണ്‍സില്‍ അവസാനിച്ചു. റൈദ്ദാം തന്നെയാണ് ടീമിന്റെ ടോപ് സ്കോറര്‍. കേരളത്തിന് വേണ്ടി ജെ.എസ്. അനുരാജ് നാലും പവന് രാജ് മൂന്നും ഷോണ്‍ റോജര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
സി.കെ. നായിഡു ട്രോഫിയില്‍ ഈ സീസണില്‍ കേരളത്തിന്റെ ആദ്യ വിജയമാണിത്. വിജയത്തോടെ 21 പോയിന്റുമായി കേരളം എ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇനിയുള്ള മത്സരങ്ങളില്‍ മേഘാലയയും ഗോവയും ജാർഖണ്ഡുമാണ് കേരളത്തിന്റെ എതിരാളികള്‍.
Sports
തിരുവനന്തപുരം: 23 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ ജമ്മു-കഷ്മീരിനെതിരേ കേരളം ഒന്നാം ഇന്നിംഗ്സില്‍ 165നു പുറത്ത്.
തുടർന്നു ക്രീസിലെത്തിയ ജമ്മു-കാഷ്മീര്‍ ആദ്യദിവസം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എടുത്തു. അഹമ്മദ് ഇമ്രാനാണ് (43) കേരള ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.
National
ശ്രീനഗർ: ജമ്മുകാഷ്മീരിൽ നിയന്ത്രണ രേഖയിൽ പാക് ഡ്രോണുകൾ വീണ്ടും കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് രണ്ട് പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കണ്ടെത്തിയത്.
രജൗരി സെക്ടറിലെ ദുംഗാല-നബ്ല മേഖലയിൽ ഡ്രോണുകൾ കണ്ടെത്തിയതിന് പിന്നാലെ സൈന്യം അവയ്ക്ക് നേരെ വെടിയുതിർത്തു. തുടർന്ന് ഡ്രോണുകൾ തിരികെ പോയി. നിലവിൽ ഈ പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്.
സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാക്കിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി മണിക്കൂറുകൾ പിന്നിടുമ്പോഴാണ് അതിർത്തി പ്രദേശങ്ങളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കത്വ ജില്ലയിലെ ബില്ലവാർ വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ രണ്ടാം ദിവസവും തുടരുകയാണ്.
ജെയ്ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെയുള്ള ഭീകരർ ഈ വനമേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശം വളഞ്ഞ സൈന്യം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബന്ദിപോറ ജില്ലയിൽ ബോർഡർ ഗാർഡിംഗ് ഫോഴ്സിന്റെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ബിഎസ്എഫ് ജവാൻ മരിച്ചു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്റെ ഡ്രോൺ നീക്കങ്ങൾ വീണ്ടും സജീവമാകുന്നു. രാജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിന് നേരെ സൈന്യം വെടിയുതിർത്തു.
ഞായറാഴ്ച മാത്രം അഞ്ചോളം ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഞായറാഴ്ച വൈകുന്നേരം 6.35ഓടെ നൗഷേര സെക്ടറിലെ ഗനിയ-കൽസിയാൻ ഗ്രാമത്തിന് മുകളിലാണ് ആദ്യ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്.
തുടർന്ന് സൈന്യം ഡ്രോണിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഡ്രോൺ പാക് അതിർത്തിയിലേക്ക് തന്നെ തിരിച്ചുപോയി. രാജൗരിയിലെ തന്നെ ഖബ്ബർ ഗ്രാമത്തിലും, സാംബയിലെ രാംഗഡ് സെക്ടറിലും, പൂഞ്ചിലെ മങ്കോട്ട് സെക്ടറിലും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം സാംബ സെക്ടറിൽ പാക് ഡ്രോൺ വർഷിച്ച ആയുധശേഖരം സുരക്ഷാ സേന കണ്ടെടുത്തിരുന്നു. രണ്ട് പിസ്റ്റളുകൾ, മൂന്ന് മാഗസിനുകൾ, ഒരു ഗ്രനേഡ് എന്നിവയാണ് സൈന്യം കണ്ടെടുത്തത്.
National
ജമ്മു: ജമ്മുവിലെ ചകോരി ആർഎസ് പുര അതിർത്തിയിൽ നാനോ ഡ്രോൺ കണ്ടെത്തി. പ്രദേശവാസി അറിയിച്ചതനുസരിച്ച് ബിഎസ്എഫ് പരിശോധന നടത്തി.
ലഹരി കടത്തിനായും ഭീകരർക്ക് ആയുധങ്ങൾ കൈമാറാനും പാക് അതിർത്തിയിൽനിന്ന് ഡ്രോണുകൾ വിക്ഷേപിക്കാറുണ്ട്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ - ഉറി ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിൽ. ഉറി സബ്ഡിവിഷൻ മേഖലയിലെ ഇക്കോ പാർക്കിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ആ സമയത്ത് ഇതിലെ സഞ്ചിരിച്ചിരുന്ന യാത്രക്കാർ തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്.
മണ്ണിടിച്ചിലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപുരിലെ ഒരു ഗ്രാമത്തിൽ ഇന്ന് വൈകുന്നേരമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജയ്ഷെ മുഹമ്മദ് ഭീകരസംഘടയിലെ മൂന്ന് പേരാണ് സംഘത്തിലെന്നാണ് വിവരം. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മജാൽട്ട പ്രദേശത്തെ സോൻ ഗ്രാമത്തിൽ വച്ച് ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ജയ്ഷെ മുഹമ്മദ് (JeM) സംഘടനയുമായി ബന്ധമുള്ള ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തി വരികയായിരുന്നു.
പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (SOG) സംയുക്ത സംഘം സൈന്യത്തോടും സിആർപിഎഫിനോടും ചേർന്നാണ് തെരച്ചിൽ നടത്തിയതെന്ന് ജമ്മു പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഇതോടെയാണ് ഭീകരർ വെടിവപ്പ് നടത്തിയത്.
National
ശ്രീനഗർ: ശ്രീനഗർ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ ഉൾപ്പെടെ അറസ്റ്റിലായവരിൽ നിന്ന് ജമ്മു കഷ്മീർ പോലീസ്
പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം. പോലീസും ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സംഘവുമാണ് പരിശോധന നടത്തിയത്.
സ്ഫോടനത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ തകർന്നിട്ടുണ്ട്. സമീപത്തുള്ള കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ-ഇ-കഷ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ രണ്ട് ഭീകരർ പിടിയിൽ. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയിൽ താമസിക്കുന്ന ഷബീർ അഹമ്മദ് നജാർ, ബ്രാത്ത് സോപോറിൽ താമസിക്കുന്ന ഷബീർ അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്.
മോമിനാബാദിലെ സാദിഖ് കോളനിയിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ പിടിയിലായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും സുരക്ഷാ സേന പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് ഒരു പിസ്റ്റൾ, മാഗസിൻ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ എന്നിവയും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്തെ ഭീകര പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ.
National
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. എട്ട് മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജമ്മു കാഷ്മീരിലെ ബുഡ്ഗാം, നഗ്രോട്ട എന്നീ മണ്ഡലങ്ങളിലും രാജസ്ഥാനിലെ അന്തയിലും ജാർഖണ്ഡിലെ ഖട്ട്സിലയിലും തെലങ്കാനയിലെ ജൂബിലി ഹിൽസിലും പഞ്ചാബിലെ തരൺ തരൺ മണ്ഡലത്തിലും മിസോറാമിലെ ഡംപയിലും ഒഡീഷയിലെ നുവാപാഡ മണ്ഡലത്തിലേയ്ക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവച്ചതിനെ തുടർന്നാണ്
ബുഡ്ഗാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്തയിലെ എംഎൽഎ ശ്രീ കൻവർലാലിനെ അയോഗ്യനാക്കിയതിനെ തുടർന്നും ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി എല്ലാ മണ്ഡലങ്ങളിലെയും സിറ്റിംഗ് എംഎൽഎമാർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് എല്ലായിടത്തെയും വോട്ടെണ്ണൽ.
National
ശ്രീനഗർ: ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ജമ്മു കാഷ്മീരിലെ രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ, ലഫ്. ഗവർണർ മനോജ് സിൻഹ ജോലിയിൽനിന്നു പിരിച്ചുവിട്ടു.
ലഷ്കറെ തോയിബയെ സഹായിച്ചുപോന്നിരുന്ന ഗുലാം ഹുസൈൻ, മജീദ് ഇഖ്ബാൽ ദർ എന്നീ അധ്യാപകർക്കാണ് ജോലി നഷ്ടപ്പെട്ടത്. അഞ്ച് വർഷത്തിനിടെ ഭരണഘടനയുടെ ആർട്ടിക്കിൾ 311 ഉദ്ധരിച്ച് 80 സർക്കാർ ജീവനക്കാരെ സർവീസിൽനിന്നു പിരിച്ചുവിട്ടിട്ടുണ്ട്.
ഭീകരവാദത്തിനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഭീകര സംവിധാനങ്ങൾക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും ഗവർണർ സുരക്ഷാ-ഇന്റലിജൻസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
National
ന്യൂഡൽഹി: സോനം വാംഗ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓൾ ലഡാക്ക് സ്റ്റുഡൻസ് അസോസിയേഷനാണ് നിവേദനം നൽകിയത്. ലഡാക്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശം നൽകണമെന്നും നിവേദനത്തിൽ പറയുന്നു.
ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സമര നേതാവ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തത്. സ്വദേശമായ ഉലിയക്തോപോയിൽനിന്നാണ് പോലീസ് അദ്ദേഹത്തെ കൊണ്ടുപോയത്. ദേശസുരക്ഷാ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ലഡാക്കിനു സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെത്തുടർന്നുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. വാംഗ്ചുക്കിന്റെ പ്രകോപനപ്രസംഗങ്ങളാണു സംഘർഷത്തിനു കാരണമായതെന്നാണു കേന്ദ്രസർക്കാർ ആരോപിക്കുന്നത്.
National
ന്യൂഡൽഹി: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസർക്കാർ.
നിയന്ത്രണങ്ങളിൽ ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ രണ്ടുതവണ ഇളവ് വരുത്തിയിരുന്നു. ലഡാക്ക് തലസ്ഥാനമായ ലേയിൽ നാലു മണിക്കൂറാണ് കർഫ്യൂവിൽ ഇളവു നല്‍കിയത്. പ്രദേശവാസികൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനായിരുന്നു ഇളവ്. ശനിയാഴ്ച അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പോലീസും പാരാമിലിട്ടറി സേനകളും പട്രോളിംഗ് ഊർജിതമാക്കിയിരുന്നു.
അതേസമയം അറസ്റ്റിലായ സമര നേതാവ് വാംഗ് ചുക് പാക് പൗരനുമായി ആശയവിനിമയം നടത്തിയതിന് തെളിവുണ്ടെന്നും കേന്ദ്രസർക്കാർ പറയുന്നു. വർഷങ്ങളായി ഇവർ തമ്മിൽ ആശയ വിനിമയം നടന്നുവെന്നാണ് പോലീസും വ്യക്തമാക്കുന്നത്.
വാംഗ് ചുകിനെതിരേ അന്വേഷണം നടത്തിവരികയാണെന്ന് ലഡാക്ക് പോലീസ് മേധാവി എസ്.ഡി. സിംഗ് ജാംവാൾ പറഞ്ഞു. നാലുപേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ പ്രക്ഷോഭത്തിനു പിന്നിലെ പ്രധാനവ്യക്തി വാംഗ് ചുകാണെന്നും ജാംവാൾ പറഞ്ഞു.
വാംഗ് ചുകിനെതിരായ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്തായിരുന്നെന്ന് യൂട്യൂബ് പരിശോധിച്ചാൽ മനസിലാകും.
വിദേശ സംഭാവന, എഫ്സിആർഎ ലംഘനം എന്നിവയെക്കുറിച്ച് അദ്ദേഹത്തിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. വാംഗ് ചുകിന്റെ ചില വിദേശ സന്ദർശനങ്ങളും സംശയനിഴലിലാണെന്നും പോലീസ് മേധാവി പറഞ്ഞു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ് സന്ദർശനം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. വാംഗ് ചുക് നടത്തിവന്ന പ്രതിഷേധത്തിന്റെ വീഡിയോകളും ചിത്രങ്ങളും അതിർത്തിക്കപ്പുറത്തേക്ക് അയച്ച പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി നടത്തിയ ആശയവിനിമയവും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ വാംഗ് ചുക് രാജസ്ഥാനിലെ ജോധ്പുരിലെ ജയിലിലാണുള്ളത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 10 പേർ മരിച്ചു. നിരവധിപേരെ കാണാതായി. കിഷ്ത്വാർ ജില്ലയിലെ പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്. പ്രദേശത്തുനിന്ന് തീർഥാടകരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുള്ളതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കശ്മീർ ലെഫ്. ഗവർണറും ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
National
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഭീകരര്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചത്. ഇത് തടയുന്നതിനിടെയാണ് ഏറ്റമുട്ടലുണ്ടായത്. ഉറി സെക്ടറില്‍ ഇപ്പോഴും ഭീകരർക്കായി കനത്ത തിരച്ചില്‍ തുടരുകയാണ്.
National
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ഭീകരർക്കായി സുരക്ഷാസേന നടത്തുന്ന തെരച്ചിൽ "ഓപ്പറേഷൻ അഖാൽ' ഇന്ന് ആറാം ദിനത്തിലേക്കു കടന്നു.
ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തെര ച്ചിൽ. ഓഗസ്റ്റ് ഒന്നിന് സൈന്യത്തിനുനേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്കു പരിക്കേറ്റിരുന്നു. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈന്യം നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട്. ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരാണെന്നാണ് സൂചന.
'ഓപ്പറേഷന് മഹാദേവ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം വനത്തിൽ സൈന്യം സംശയാസ്പദമായ ഒരു സംഭാഷണം ട്രാക്ക് ചെയ്തിരുന്നു. തുടർന്ന് സൈന്യവും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി മുല്‍നാര്‍ മേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായും ഭീകരരെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.